Tuesday, 25 April 2017

നായകൻ വില്ലനാണ് ! 


- ഹരി നാരായണൻ മുണ്ടയൂർ


എന്റെ കഥയിലെ നായകൻ - അയാൾ ശക്തനാണ്. അയാൾ എന്നെ വിറപ്പിക്കും.എന്റെ കൈകാലുകളെ തളർത്തും. എന്നെ കിടക്കയിൽ കിടത്തും. അയാൾ എന്നെ ഇടയ്ക്കിടെ യുദ്ധത്തിന് ക്ഷണിക്കും. പലപ്പോഴും ക്ഷണിക്കുന്നത് തുമ്മിക്കൊണ്ടാണ്. ആ ക്ഷണം ഞാൻ സ്വീകരിച്ചാൽ അയാൾ എന്റെ മൂക്ക് ആക്രമിക്കും. എന്റെ മൂക്ക് ചുവപ്പിക്കും. എന്റെ കണ്ണ് നനയ്ക്കും.പിന്നെ അയാൾ ശ്വാസകോശനാഴിയിലൂടെ എന്റെ തൊണ്ടയിൽ എത്തും. അയാൾ അവിടെയും എന്നെ കീഴ്‌പ്പെടുത്തും. പതുക്കെ എന്റെ ചെവി ആക്രമിക്കും. പിന്നാലെ എന്റെ തലയും നെറ്റിയും കീഴ്‌പ്പെടുത്തി അയാളുടെ സംഹാരരൂപം പുറത്തെടുക്കും. അതെ, എന്റെ കഥയിലെ നായകൻ "പനി" യാണ്. ഞാൻ അയാളെ വിളിക്കുന്നതോ "സാദാ പനി " എന്നും. നായകൻ തറവാട്ടിലെ ഇളമുറതമ്പുരാനാണ്. ചിലപ്പോൾ  തല്ലുംപിടിക്ക് വരുമ്പോൾ നായകൻ സഹനടന്മാരായി തലവേദനയേയും ചെവിവേദനയേയും രംഗത്ത് ഇറക്കും. തറവാട്ടിലെ ഇളമുറതമ്പുരാനെ തൊട്ടത് ചോദിക്കാനായി തറവാട്ടിലെ മറ്റു കാരണവന്മാർ ആരും തന്നെ ഇതുവരെ വന്നിട്ടില്ല - ഭാഗ്യം ! 

എനിക്ക് പനി വന്നാൽ 'അമ്മ പിന്നെ ഡോക്ടറാവും.Prescription എഴുതാതെ മരുന്നും തരും. ബന്ധുകൂടിയായ ഡോക്ടർ രാമേട്ടൻ എഴുതിയ " 1501 ഒറ്റമൂലികൾ " ഒന്ന് മറിച്ചുനോക്കും. എനിക്കെല്ലാമറിയാം എന്ന മട്ടിൽ 'അമ്മ മരുന്നും കൊണ്ടുവരും. ഞാൻ വേണ്ട എന്ന് പറയുന്നതിന് മുൻപ് തന്നെ 'അമ്മ എന്റെ മൂക്ക് പിടിക്കും, പിന്നെ ഒരു പ്രയോഗമാണ്. ചിലപ്പോൾ ഈ ഒറ്റമൂലിപ്രയോഗം കൊണ്ടുതന്നെ "നായകനായ വില്ലൻ" രംഗം വിടും. നായകൻ രംഗം വിട്ടില്ലെങ്കിൽ 'അമ്മ എന്റെ നെറ്റിയിൽ ഐസ് കൊണ്ട് ഒരു "മല" തീർക്കും. നായകൻ തന്റെ മുഴുവൻ ശക്തിയുമെടുത്തു ആ "മല" തകർക്കും. അപ്പോൾ 'അമ്മ നെറ്റിയിൽ മൂന്നു ഇഞ്ച് നീളത്തിൽ ഒരു നനഞ്ഞ തുണി വിരിക്കും. വില്ലൻ ആ തുണിയിലെ നനവെല്ലാം വലിച്ചെടുക്കും.

"എന്നെ ഇഞ്ചിഞ്ചായി തളർത്തിയവൻ, എന്നെ  കിടക്കയിൽ കിടത്തിയവൻ, അവനെതിരെ തിരിച്ചടിക്കണം" - എന്റെ മനസ്സ് എന്നോട് പിറുപിറുക്കും. അതിനുവേണ്ടി ഞാൻ ഒരാളുടെ സഹായം തേടും. "ജോസ് ഡോക്ടർ" - ഒരു ചെറിയ ക്ലിനിക്ക് നടത്തുന്ന ജോസ് ഡോക്ടറാണ് ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ ഡോക്ടർ. ക്ലിനിക്കിലെ ആ  ചെറിയ മുറിയിലേക്ക് ഞാൻ കയറി ചെല്ലുമ്പോൾ തന്ന്നെ ഡോക്ടർ ചിരിക്കും. ആ ചിരിയിൽ തന്നെ എന്റെ കഥാനായകൻ പ്രതിരോധത്തിലേക്ക് വലിയും. എല്ലാം മാറ്റിയെടുക്കാം എന്ന മട്ടിൽ ഒരു ചെറുപുഞ്ചിരിയോടെത്തന്നെ ഡോക്ടർ ചോദിക്കും ;

"എന്താ ഹരീ?"

കഥാനായകൻ എന്നെ കീഴ്പ്പെടുത്തിയ കാര്യം ഞാൻ ഡോക്ടറോട് പറയും. നായകൻ ആക്രമിച്ച എന്റെ മൂക്കും കണ്ണും ചെവിയും ഡോക്ടർ പരിശോധിക്കും. ഡോക്ടർ എന്നോട് നാക്ക് നീട്ടാൻ പറയും. ടോർച്ചടിച്ചു നോക്കി എന്റെ തൊണ്ടയിലെ പരിക്കും ഡോക്ടർ പരിശോധിക്കും.

"അമ്മേടെ വക ഒരു റൗണ്ട് ചികിത്സ കഴിഞ്ഞിട്ട്ണ്ടാവും ല്ലേ ?"

ഡോക്ടറുടെ ചോദ്യത്തിന് ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടും. പിന്നെ നൂറു പേജ് പുസ്തകത്തിന്റെ മാത്രം വലിപ്പമുള്ള ഒരു ചെറിയ ലെറ്റർ പാഡിൽ മൂന്ന് ഗുളികകൾ എഴുതും.

"ആദ്യത്തെ ഗുളിക ഇന്നലെ കഴിച്ചത് തന്നെയാണ്. വീട്ടിലുണ്ടെങ്കിൽ പിന്നെ വാങ്ങണ്ട" - ഡോക്ടർ പറയുന്നത് കേട്ട് 'അമ്മ എന്നെ നോക്കും. ഞാനാണ് ഡോക്ടർക്ക്‌ ഈ മരുന്ന് പറഞ്ഞു കൊടുത്ത് എന്ന മട്ടിൽ ഒരു ചിരി ചിരിക്കും. ഞാൻ ഡോക്ടറോട് പതിഞ്ഞ ശബ്ദത്തിൽ പറയും -

"ഡോക്ടറെ, കാപ്സ്യൂൾ വേണ്ടാ ട്ടോ "

"ഇല്ല, എനിക്കറിയാം, ഞാൻ കാപ്സ്യൂൾ എഴുതിയിട്ടില്ല " - എനിക്കെല്ലാമറിയാം എന്ന മട്ടിൽ ഡോക്ടർ പറയും.

"മൂന്ന് ദിവസം കഴിഞ്ഞു വിവരം പറയ്‌, രണ്ടു ദിവസം റെസ്റ്റെടുക്ക്" - ഇത്രയും പറഞ്ഞു ഡോക്ടർ എന്നെ മടക്കിയയക്കും. ഡോക്ടറെ കണ്ട് തിരിച്ചെത്തിയാൽ 'അമ്മ എനിക്കുവേണ്ടി "സ്പെഷ്യൽ റൈസ് സൂപ്പ്" ഉണ്ടാക്കും. "മ്മടെ പൊടിയരിക്കഞ്ഞി" തന്നെ. ഉപ്പിട്ട ആ പൊടിയരിക്കഞ്ഞി കുടിക്കാതെ സ്പൂണുകൊണ്ട് ഇളക്കുന്ന ശബ്ദം കേട്ട് 'അമ്മ അടുക്കളയിൽ നിന്ന് തുറിച്ചുനോക്കും. നിനക്ക് ഇനി കഞ്ഞി മാത്രമേ ഉള്ളൂ എന്നായിരിക്കണം 'അമ്മ ഉദ്ദേശിച്ചത്.യാഥാർഥ്യം മനസ്സിലാക്കി തീരെ താല്പര്യമില്ലാതെ തന്നെ ഞാൻ കഞ്ഞി കുടിക്കും.

ഡോക്ടർ പറഞ്ഞ ഓരോരോ മരുന്നും ഒന്നൊന്നായി ഞാൻ വെള്ളത്തിൽ അറിയിക്കും. അലിയിച്ചു കഴിച്ച മരുന്നിന്റെ  കയ്പ്പ് മാറാൻ ഒരു സ്പൂൺ പഞ്ചസാര വായിലിടും. ഒന്ന് വിഴുങ്ങിയാൽ പോരെ ഇങ്ങനെ ബുദ്ധിമുട്ടണോ എന്ന മട്ടിൽ വല്യമ്മ നോക്കും. എന്നെ തളർത്തിയ നായകനെതിരെ ഞാൻ തിരിച്ചടിക്കുകയാണ്. ഒരു നേരത്തെ പ്രയോഗം കൊണ്ടുതന്നെ അയാൾ പിൻവലിയാൻ നോക്കും. ഞാൻ മരുന്ന് കഴിച്ച മൂന്ന് ദിവസവും നായകനെ പരിക്കേൽപ്പിക്കും. അവസാനം അയാൾ തോൽവി സമ്മതിക്കും. മൂന്നാം ദിവസം രാത്രി ഞാൻ സന്തോഷത്തോടെ ഡോക്ടറെ വിളിച്ചു പറയും -
 "ഡോക്ടറെ പണി ഭേദമായി ട്ടോ "

പിറ്റേ ദിവസം രാവിലെ അഞ്ചാം ക്ലാസ്സിൽ മനഃപാഠമാക്കിയ ആ വാചകം ഒരു വെള്ളപേപ്പറിലേക്ക് പകർത്തും. "As I was suffering from fever and headache, I couldn't attend the class for last three days. Please grant me leave for those days..."

ഒന്നുകൂടി വായിച്ചുനോക്കി, അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തിയ ശേഷം കമ്പ്യൂട്ടർ സ്ക്രീനിലെ "Publish Post" ബട്ടണിൽ ക്ലിക്ക് ചെയ്തു. ആരും കാണാത്ത എന്റെ ബ്ലോഗിൽ പുതിയ ലേഖനം പിറന്നു - "പനിക്കുറിപ്പുകൾ". മേശപ്പുറത്തു വെച്ചിരുന്ന ചുക്കുകാപ്പി തണുത്തിരിക്കുന്നു. അത് കുടിക്കുന്നതിനിടയിൽ ഏതോ ഒരു പ്രാണി എന്റെ മൂക്കിനുള്ളിൽ കയറി. ഞാൻ ഒന്ന് നീട്ടി തുമ്മി. നായകൻ തന്ന "ക്ഷണപത്രിക" ഞാൻ തിരിച്ചുകൊടുത്തു. നായകൻ അത് മറ്റാർക്കോ കൊടുത്തു. അയാൾ തുമ്മി തുടങ്ങി. പണി വന്നപ്പോൾ ഞാൻ കഴിക്കാതിരുന്ന ഗുളികകൾ മേശപ്പുറത്തുണ്ട്. പല നിറങ്ങളിലുള്ള ആ ഗുളികകൾ എന്നെ നോക്കി ചിരിക്കുന്നത് പോലെ എനിക്ക് തോന്നി. "സത്യം ഞങ്ങൾക്കറിയാം എന്നാണോ അവർ ഉദ്ദേശിച്ചത്?" മരുന്നുകളെല്ലാം വാരിക്കൂട്ടി ഒരു പ്ലാസ്റ്റിക് കവറിലാക്കി ജനൽ തുറന്ന് തൊടിയിലേക്ക് നീട്ടിയെറിഞ്ഞു.

നായകനായ വില്ലൻ - അവൻ ഇനിയും വരും, തീർച്ച !


No comments:

Post a Comment