Saturday, 22 April 2017

എന്റെ ബസ് യാത്രകൾ...




ഒരു കൺസഷൻ കുട്ടിയിൽ നിന്ന് ഫുൾ ടിക്കറ്റുകാരനിലേക്കുള്ള എന്റെ വളർച്ച ......




- ഹരി ഗോപിനാഥ്‌





"കൊട്ടേക്കാട് - വരടിയം റൂട്ടിലോടുന്ന എല്ലാ ബസുകൾക്കും, അതിലെ "സ്നേഹനിധികളും"  " വിശാലമനസ്കരും"  കണ്ടക്ടർമാർക്കും ഞാൻ എന്റെ ഈ അനുഭവക്കുറിപ്പ് സമർപ്പിക്കുന്നു ".


എന്റെ ബസ്  യാത്രകളുടെ ചരിത്രം തുടങ്ങുന്നത് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. മകനെ ഒരു ബാലഭാസ്കർ ആക്കണം എന്ന  അമ്മയുടെ ആഗ്രഹം നിറവേറ്റാനായി "വയലിൻ" പഠിക്കാൻ പോയിരുന്ന നാളുകൾ...കൊളങ്ങാട്ടുകരയിൽ നിന്ന് പാട്ടുരായ്ക്കലിലേക്കുള്ള യാത്ര...മിക്കവാറും പോയിരുന്നത് ഒരൊറ്റ ബസ്സിൽ.... ""അതുൽ വിക്രം".  വലിയ ബസ്, തിരക്ക് കുറവ്, സർവോപരി മാലാഖയെപ്പോലെ തോന്നിപ്പിക്കുന്ന ഒരു കണ്ടക്ടർ. ഫുൾ ചാർജ് കൊടുത്താലും ഒരു നുണക്കുഴി ചിരിയോടെ പകുതി കാശ് തിരിച്ചു തരുന്ന നല്ലൊരു  മനുഷ്യൻ.പക്ഷെ വയലിനിലുള്ള എന്റെ "താല്പര്യക്കൂടുതൽ"  പഠിച്ചിരുന്ന സ്‌ഥാപനം ഒറ്റയടിക്ക് താഴിട്ടതുകൊണ്ടും വയലിൻ പഠനവും സുഖയാത്രയും തീർന്നുകിട്ടി.


കാലചക്രം  തിരിഞ്ഞുകൊണ്ടേയിരുന്നു. വിഷുവും, വർഷവും തിരുവോണവും മാറി മാറി  വന്നു.  മൂക്കിനുതാഴെ മീശ കിളിർത്തു തുടങ്ങി....  പേരാമംഗലം സ്‌കൂളിലെ  ആറു വർഷത്തെ പഠനത്തിനു ശേഷം, എസ്.എസ്.എൽ. സി എന്ന കടമ്പയും  തൃശൂരിലെ  വിവേകോദയം സ്കൂളിൽ ചേരാൻ  തീരുമാനിക്കുന്നു.



കൺസഷൻ കാലം : അഥവാ തീരാ സമരങ്ങളുടെ വേലിയേറ്റം....



കൊളങ്ങാട്ടുകരയിൽ നിന്ന് വിവേകോദയത്തിലേക്കുള്ള ഓരോ ബസ് യാത്രയും അക്ഷരാർത്ഥത്തിൽ ഓരോ അധ്യായങ്ങളായിരുന്നു. ബസ് സ്റ്റോപ്പിൽ തോളത്തു കൈയിട്ട് നിന്ന് സംസാരിച്ചവൻ തൊട്ടടുത്ത നിമിഷം ബസ്സിന്റെ ഹോൺ ശബ്ദം കേൾക്കുമ്പോൾ നമ്മളെ വല്ലാത്തൊരു പൈശാചികതയൊടെ അകറ്റിമാറ്റി, ആദ്യം കയറാൻ മത്സരിക്കുന്ന മാജിക് കണ്ടത് ഈ നാളുകളിലായിരുന്നു. 


വാഗൺ ട്രാജഡിയുടെ പുനരവതരണങ്ങൾ ആയിരുന്നു ഓരോ ബസ്സുകളും. ബസ്സിലേക്ക് ഇടിച്ചുകയറാൻ കാത്തുനിൽക്കുന്ന പത്തു പതിനഞ്ചുപേരിൽ നിന്ന് വലിയ ബാഗുമായി പോരാടി നേടിയ വിജയങ്ങളായിരുന്നു ഓരോ ബസ് യാത്രയും."Survival of the fittest" , "കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ "എന്നിങ്ങനെ മനസ്സിൽ ഉശിരൻ മുദ്രാവാക്യങ്ങൾ മുഴക്കി ഓരോരുത്തരേയും ഉന്തിയും തള്ളിയും വകഞ്ഞും മാറ്റി ബസ്സിന്റെ ചവിട്ടുപടിയിൽ കാല് വയ്ക്കുന്നതോടെ ബസ് യാത്രക്കുള്ള യോഗ്യത നിങ്ങൾ നേടിയെടുക്കുന്നു. തോളത്തു കയറ്റിവച്ചിരുന്ന കിലോക്കണക്കിന് വരുന്ന "പഠനഭാരം" സീറ്റിൽ ഇരിക്കുന്ന ഏതെങ്കിലും ഒരു ദയാലുവിന്റെ കൈയ്യിൽ പിടിക്കാൻ ഏൽപ്പിക്കുക, അഥവാ തലയിൽ കെട്ടി വയ്ക്കുക എന്നതാകണം ബസ്സിൽ കയറിക്കഴിഞ്ഞാൽ ആദ്യ അജണ്ട. അതിനുശേഷമാണ് ബസ് യാത്രകളിലെ സുപ്രധാന രംഗം. ഇതുവരെ നേരിട്ടതും ഇനി ജീവിതത്തിൽ നേരിടാൻ പോകുന്നതുമായ പ്രശ്നങ്ങളെല്ലാം എത്രയോ ചെരുതെന്നു നമ്മെ ഓർമിപ്പിക്കുന്ന ഒരു രംഗമാണിത്. "Meet the conductor" അഥവാ കണ്ടക്ടറുമായുള്ള മുഖാമുഖം. യൂണിഫോമിട്ട്, വിരലുകൾക്കിടയിൽ രണ്ട് രൂപയും തിരുകി നിൽക്കുന്ന  വിദ്യാർഥികളെ കാണുമ്പോൾ ചെകുത്താൻ കുരിശ് കണ്ട മട്ടിൽ അയാളുടെ ഒരു നോട്ടമുണ്ട്. പറ്റുമെങ്കിൽ രണ്ട്‌ താക്കീതും ഉഗ്ര ശാസനവും കണ്ടക്ടർ സാറിന്റെ വകയായിട്ടുണ്ടാകും. ഇതിനിടയിലേക്കാണ് ബസിൽ ഒരു പണിതുമില്ലാതെ ഇരിക്കുന്ന അമ്മാവന്മാർ രംഗപ്രവേശനം ചെയ്യുന്നത്. അല്ലെങ്കിലേ മൂത്തിരിക്കുന്ന കണ്ടക്ടർമാർക്ക് എരിതീയിൽ എണ്ണയൊഴിച്ചുകൊടുക്കുക എന്നതാണ് ഇത്തരക്കാരുടെ ദൗത്യം. ഇവരെയൊക്കെ മറികടന്ന്, പൂരത്തെ വെല്ലുന്ന തിരക്കിനേയും അതിജീവിച് തൃശൂരിൽ "ബിനി" സ്റ്റോപ്പിൽ ഇറങ്ങുന്നതോടെ ചന്ദ്രനിൽ ആദ്യം കാലുകുത്തിയ നീൽ ആം സ്ട്രോങ്ങിനെക്കാൾ ആഹ്ളാദത്തിമിർപ്പിലായിരിക്കും എന്റെ മനസ്സ്. ഈ ബസ് യാത്രകൾക്കിടയിൽ എത്രയെത്ര കണ്ടക്ടർമാരെ കണ്ടു.... നേരിട്ടു...സഹിച്ചു. അവരിലൊരാളായി ആദ്യം പറഞ്ഞ മാലാഖയും ഉണ്ടായിരുന്നു. മാലാഖയ്ക്കുള്ളിലെ ചെകുത്താനെ കാണാൻ സാധിച്ചതും ഈ കൺസഷൻ കാലത്തു തന്നെ. രണ്ടു രൂപ കൈയിലേക്ക് വച്ചുകൊടുക്കുമ്പോൾ മാലാഖ പതുക്കെ ചെകുത്താനാകുന്ന മഹേന്ദ്രജാലം ഏറെ അത്ഭുതത്തോടെയാണ് ഞാൻ കണ്ടത്. ഹയർ സെക്കൻററി ,  ഐ.പി. സി. സി പഠനകാലം ഇങ്ങനെ നിത്യസമരങ്ങളുടേതായിരുന്നു.... പോരാട്ടങ്ങളുടെയും......



ഫുൾ ടിക്കറ്റുകാരനിലേക്കുള്ള വളർച്ച :-


ആർട്ടിക്കിൾഷിപ്പ് തുടങ്ങുന്ന കാലത്താണ് കൺസഷനിൽ നിന്ന് ഫുൾ ടിക്കറ്റുകാരനിലേക്കുള്ള എന്റെ വളർച്ച തുടങ്ങുന്നത്. വീട്ടിലൊരു earning member ആയി എന്നേയും എണ്ണിത്തുടങ്ങിയ നാളുകൾ. ഫുൾ ടിക്കറ്റുകാരനായ ഞാൻ മറ്റൊരു "ജീവി" തന്നെയായിരുന്നു. അന്നുവരെ ഞാനും കൂടി ഭാഗമായിരുന്ന കൺസഷൻ വർഗത്തെ കടുത്ത പുച്ഛത്തോടെ നോക്കിത്തുടങ്ങിയ നാളുകൾ, സീറ്റിനുവേണ്ടി നടത്തിയ ഉഗ്രയുദ്ധങ്ങൾ, പോരാട്ടങ്ങൾ... അത്രയും കാലം രണ്ടു രൂപയുടെ ചില്ലറ തുട്ടുകൊടുത്തിട്ട്, ഇനി തൊട്ടു പത്തുരൂപ കൊടുക്കണമല്ലോ എന്ന വല്ലാത്തൊരു "മനസ്സിൽ കുത്ത് " , എന്നിവ ഈ കാലത്തിന്റെ പ്രത്യേകതകളാണ്. ബാഗിന്റെ വലിപ്പം കുറയുന്നു, യാത്ര സുഖകരമാകുന്നു. കണ്ടക്ടറുടെ വിരട്ട്, അതിനുശേഷമുള്ള മാനഹാനി എന്നിവ തീരുന്നു. എന്നിങ്ങനെ ഫുൾ ടിക്കറ്റുകാരനായ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന "പ്രിവിലേജുകൾ" ഏറെയാണ്. ബസ് യാത്രകളെ പറ്റി ഓർക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വൈകുന്നേര യാത്രകൾ. വൈകുന്നേരത്തെ  യാത്രകളുടെ പ്രധാന ആകർഷണം കുടിയന്മാരാണ്. അവർ ഉറക്കെ വിളിച്ച പറയുന്ന ആത്മഗതങ്ങളും, കണ്ടക്ടറുമായി ഉണ്ടാക്കുന്ന തർക്കങ്ങളും പലപ്പോഴും ബസ്സിൽ ചിരിയുടെ അലയൊലികൾ തന്നെ തീർക്കാറുണ്ട്. പക്ഷെ ഇവരുടെ സാമിപ്യം അത്ര സുഖകരമായ ഒരനുഭവമല്ല. ഇത്തരക്കാരുടെ തിരുവായിൽ നിന്ന് "കുത്തിയൊലിക്കുന്ന സുഗന്ധം" നമ്മെ പുളകിതരാക്കാൻ പോന്നതാണ്. ആ സുഗന്ധത്തിന് ഇരയാകാൻ വിധിക്കപ്പെടുന്നവൻ, ശ്രീകൃഷ്ണന്റെ വായതുറപ്പിച് ഈരേഴുപതിനാല് ലോകവും കണ്ട യശോദയുടെ അവസ്‌ഥയിലാകുന്നു. ഈരേഴുപതിനാലു ലോകവും, ഈ പ്രപഞ്ചം ഒട്ടാകെയും നമ്മെ കാണിക്കാൻ തകശേഷിയുള്ളതാണ് ആ ഗന്ധം. ഇതെല്ലാം മറികടന്ന്, വിയ്യൂരും, പാമ്പൂരും, പോട്ടോരും , കുറ്റൂരും, കൊട്ടേക്കാടും കഴിഞ്ഞു കൊളങ്ങാട്ടുകര വായനശാലയിൽ എത്തുന്ന ഞാൻ ചവച്ചുതുപ്പിയ "Bubble-Gum"ന് സമാനമാകാറുണ്ട്. എങ്കിലും എനിക്കിഷ്ടമാണ്... ഓരോ യാത്രയും.... ഇടിച്ചുകുത്തുന്ന തിരക്കിനിടയിലും ഉയരുന്ന തമാശകളും, പൊട്ടിച്ചിരികളും, സൗഹൃദങ്ങളും, സന്തോഷങ്ങളും... ജീവിതത്തിന്റെ ഒരു ചെറിയ പതിപ്പാണ് സുഖ ദുഃഖ സമ്മിശ്രമാണ് ഓരോ ബസ് യാത്രയും !!! ഇനിയും ബസിൽ കയറണം, കാശുകൊടുക്കാതെ കണ്ടക്ടറെ പറ്റിക്കണം. തിരക്കിനിടയിൽ നിന്ന് സീറ്റ്‌ പിടിക്കണം. ബാഗ് ഒതുക്കിവെക്കണം, ഓരോ ബസ് യാത്രയിൽ നിന്നും ഒരോന്ന് പഠിക്കണം....

അപ്പം ശരി ! പൂവ്വാ റൈറ്റ് !!!




3 comments: