തിരിഞ്ഞുനോക്കുമ്പോൾ...
- ഹരി ഗോപിനാഥ്
വീണ്ടും ഇടവഴികൾക്ക് ജീവൻ വെച്ച് തുടങ്ങി. തോളത് കൈയിട്ട് പരസ്പരം ചളി തെറിപ്പിച്, തുടർച്ചയായി ബെല്ലടിച്, ആഞ്ഞാഞ് സൈക്കിൾ ചവിട്ടി, പുതിയ ബാഗിന്റെയും, കുടയുടെയും പത്രാസുകാട്ടി ഒരിക്കൽ കൂടി അവർ വഴികളെ സജീവമാക്കുന്നു... എല്ലാ വഴികളും സ്‌കൂളിലേക്ക്....
മഴയുടെയും മണ്ണിന്റെയും കൊതിപ്പിക്കുന്ന ഗന്ധമുള്ള "School Days".മനസ്സിൽ സുഖമുള്ള ഓർമകളുടെ വേലിയേറ്റം . വീണ്ടും വീണ്ടും തികട്ടി വരുന്ന ചൂരൽ നിറമുള്ള ഓർമ്മകൾ,പത്തുവയസുകാരനെ അത്ഭുതപ്പെടുത്തിയ പേരാമംഗലം സ്കൂൾ . ഒരു ഫുടബോൾ ഗ്രൗണ്ടിനെക്കാൾ അല്പം മാത്രം വലിപ്പക്കൂടുതൽ ഉള്ളതായിരുന്നു ഞാൻ മുൻപ് പഠിച്ച കൊട്ടേക്കാട് എൽ പി സ്‌കൂൾ. ഒന്നുറക്കെ വിളിച്ചാൽ സ്‌കൂളിന്റെ ഏതറ്റത്തും ഒച്ചയെത്തും. അത്യാവശ്യം അല്ലറ ചില്ലറ കുറുമ്പുകളുമായി കൊട്ടേക്കാട് സ്‌കൂളിനെ നാല് വർഷം അടക്കി ഭരിച്ചതിനു ശേഷമാണ് അഞ്ചാം ക്ലാസ്സിൽ ഞാൻ പേരാമംഗലം സ്‌കൂളിലെത്തുന്നത്. ആദ്യം അത്ഭുതമല്ല, പേടിയാണ് തോന്നിയത്. സ്‌കൂൾ മുറ്റത്തെ ആകെ തണലിൽ മുക്കി നിൽക്കുന്ന മൂന്ന് വലിയ മാവുകൾ നിങ്ങളെ അവിടെ ആദ്യം സ്വാഗതം ചെയ്യും. ആയിരക്കണക്കിന് വിദ്യാർത്ഥികൾ, ഓരോ ക്ലാസ്സിലും തന്നെ പത്തോളം ഡിവിഷനുകൾ, ആദ്യമായി എത്തുന്ന ആളെ തെറ്റിക്കാൻ ഇഷ്ടം പോലെ വഴികൾ, ഒന്ന് തൊട്ട് പത്തുവരെ ക്ലാസ്സുകളിൽ മൂവായിരത്തോളം വിദ്യാർത്ഥികളുമായി പടർന്നു കിടക്കുന്ന പേരാമംഗലം സ്‌കൂൾ. ദ്രവിച്ച തകര ശബ്ദം കേട്ടിരുന്ന ആ പഴയ സ്‌കൂൾ ബസ്സിൽ കേറി ജൂൺ 5 ന് സ്‌കൂളിൽ ചെന്നിറങ്ങിയപ്പോൾ ആകെയുള്ള ആശ്വാസം അവിടെ തന്നെ എട്ടാം ക്ലാസിൽ പഠിക്കുന്ന എന്റെ ചേച്ചി മാത്രമായിരുന്നു. ചെളിയും ചരലും നിറഞ്ഞ സ്‌കൂൾ വഴികളിലൂടെ പയ്യെ നടന്ന്, കോണി കയറി അനേകം പേരിലൊരാളായി ചേച്ചിയുടെ അരികുപറ്റി ഞാൻ ആ ഇംഗ്ലീഷ് മീഡിയം ഡിവിഷനിലെത്തി :5 A. 55 കുട്ടികൾ "തിങ്ങി പഠിക്കുന്ന" അഞ്ചാം ക്ലാസ്സിലെ ഏറ്റവും വലിയ ഡിവിഷൻ. ഒരു രക്ഷിതാവിന്റെ തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ എന്നെ അഞ്ചാം ക്ലാസിന് മുന്നിലെത്തിച് ചേച്ചി പതിയെ ചേച്ചിയുടെ ക്‌ളാസ്സിലേക്ക് പോയി...ആയിരം പേർക്കിടയിലും ഏകാന്തത എന്നെ വേട്ടയാടി. ആദ്യമായി വിദ്യാലയപ്പടി കടക്കുന്ന ഒന്നാം ക്ലാസ്സ് കുട്ടിയെപ്പോലെ ഒന്ന് വിങ്ങിപ്പൊട്ടാൻ ഞാൻ കൊതിച്ചു...പക്ഷെ എന്റെ മുതിർന്ന കുട്ടി "അഭിമാനബോധം " അതിന് സമ്മതിച്ചില്ല.അപ്പോഴാണ് ഞാൻ അവനെ കാണുന്നത്. അമൽ.. അമൽ എം പി .. കൊട്ടേക്കാട് സ്‌കൂളിന്റെ ഏതൊക്കെയോ കോണുകളിൽ ഞാനിവനെ കണ്ടിട്ടുണ്ട്. മിണ്ടിയിട്ടില്ല...രണ്ട് സാമ്രാജ്യങ്ങൾ ആയിരുന്നു ഞങ്ങളുടേത്. സ്വന്തം നാട്ടുകാരൻ തന്നെയെന്നറിയാം.. പക്ഷെ ഒരു പരിചയവുമില്ല. എന്നിട്ടും അവനെകണ്ടപ്പോൾ മരുഭൂമിയിലെ മഴയുടെ സുഖം ആണ് എനിക്ക് കിട്ടിയത്. പതുക്കെ ഒന്നുമറിയാത്തതുപോലെ അവനെയും അവന്റെ അമ്മയെയും ചുറ്റിപ്പറ്റി ഞാൻ നടന്നു. അവർ ശ്രദ്ധിക്കുന്നത് വരെ ചെരുപ്പ് ഉരച്ചും ബാഗിൽ തട്ടിയും ഞാൻ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു; ഒടുവിൽ അവൻ എന്നെ തിരിച്ചറിഞ്ഞു (എന്താടാ ഇത്രയും വൈകിയത് !!!). പിന്നെ അവനായിരുന്നു എന്റെ രക്ഷിതാവ് ... ബെല്ലടിച്ചപ്പോൾ ക്ലാസ്സിനകത്തേക്ക് കയറ്റിയതും, ഒരുപാട് കുട്ടികൾക്കിടയിൽ നിന്നും ലാസ്റ്റ് ബെഞ്ചിൽ തന്നെ സ്‌ഥലം ഒരുക്കിത്തന്നതും കൈപിടിച്ചു കൂടെ നടന്നതും അവനായിരുന്നു.അത്ഭുതം കൂറുന്ന മിഴികളോടെ, തെല്ലൊരാദരവോടെ അവനെന്റെ ഇടതു കൈയിലേക്ക് ഉറ്റുനോക്കുന്നത് ഞാനപ്പോഴാണ് ശ്രദ്ധിച്ചത്...കുഞ്ഞച്ചൻ Bombay യിൽ നിന്ന് കൊണ്ടുവന്ന വാച്ച് !!! ഹാ അഹങ്കാരം കൊണ്ട് ഞാൻ പൂത്തുലഞ്ഞു... വാച്ചിലെ ഓരോ അത്ഭുദത്തെപ്പറ്റിയും ഒരു മാന്ത്രികനെപ്പോലെ ഞാൻ വിശദീകരിച്ചു. വാച്ചിലെ ലൈറ്റ് കത്തിച്ചും, കെടുത്തിയും കാണിച്ചു കൊടുത്തു... ആനന്ദിച്ചു. അതിനിടയ്ക്കാണ് ഞങ്ങളുടെ ടീച്ചർ എത്തിയത് - " ബിന്ധ്യ ടീച്ചർ "ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ ലീവ് ആണെന്നും, ബിന്ധ്യ ടീച്ചർ ഞങ്ങളുടെ ഗണിത അധ്യാപികയാണെന്നും പിന്നീട് തിരിച്ചറിഞ്ഞു. നല്ല ഉയരത്തിൽ, മെലിഞ്ഞ ആകാരമുള്ള ടീച്ചറെപ്പറ്റി ഒരുപാട് കഥകൾ ഞാൻ മുൻപേ കേട്ടിട്ടുണ്ടായിരുന്നു. അതിനെപ്പറ്റി പിന്നീട് വിശദീകരിക്കാം. ടീച്ചർ Attendance Book കൈയിലെടുത്തു പേരുകൾ ഓരോന്നായി വിളിച്ചു തുടങ്ങി. എന്റെ ജീവിതത്തിൽ അന്നും പിന്നീട് ഇതുവരെയും എന്നെ വേട്ടയാടിയ, വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു വലിയ സമസ്യയുടെ തുടക്കം ആ Attendance Book ലെ അകത്താളിൽ നിന്നായിരുന്നു.
(തുടരും....)