Monday, 1 May 2017


ശൂർപ്പണഖ 

ഹരി ഗോപിനാഥ്‌




കറുത്ത രാത്രി ദണ്ഡകാരണ്യത്തെ കൂടുതൽ ഭീകരമാക്കി...കട്ടപിടിച്ച ഇരുട്ടിനിടയിൽ അവിടവിടുന്നായി ഞരക്കങ്ങൾ കേട്ടുകൊണ്ടിരുന്നു. ചിതറിക്കിടക്കുന്ന ശവശരീരങ്ങൾക്കിടയിൽ കുറുനരികൾ വല്ലാത്തൊരാർത്തിയോടെ പാഞ്ഞു നടന്നു. മണ്ണ് ചോരകൊണ്ട് നനഞ്ഞു കുതിർന്നിരുന്നു... ഒരറ്റത്ത് വില്ലാളിവീരന്മാർ ഖരദൂഷണൻമാരുടെ ചേതനയറ്റ ശരീരങ്ങൾ...അടുത്ത് അഗ്നിസ്ഫുരിക്കുന്ന കണ്ണുകളോടെ ശൂർപ്പണഖ... ഒരേ സമയം നിർവികാരതയും പ്രതികാരേച്ഛയും ആ മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു.

രാക്ഷസിയാണവൾ, നക്തഞ്ചരി.. ശൂർപ്പണഖ... കറുത്തിരുണ്ട ദേഹം, കൂർത്ത നഖങ്ങൾ, തീ കണ്ണുകൾ, വന്യമായ ചലനം,  ശബ്ദം... പാതിമുറിഞ്ഞ മൂക്കും മുലകളും അവളെ കൂടുതൽ  വിരൂപിയാക്കി.മുറിവുകളിൽ നിന്ന് അപ്പോഴും ചോര  ഒളിച്ചുകൊണ്ടിരുന്നു.പക്ഷെ അതിനേക്കാൾ വേദന  മനസ്സിനകത്തായിരുന്നു. ആയിരമായിരം മുറിവുകളേറ്റ മനസ്സ്. അജയ്യനായ സഹോദരന്റെ നിത്യപരാജിതയായ സഹോദരി... ശൂർപ്പണഖ !!! മനസ്സിനകത്തു ഓർമകളുടെ  വേലിയേറ്റം. ആരും കാക്കാനില്ലാത്ത ബാല്യം മുതൽ എല്ലാം നേടിയിട്ടും ഒന്നും നേടാനാവാത്ത യൗവ്വനം  വരെ.

ബ്രഹ്മപുത്രനായ വിശ്രവസ്സിന് സുമാലി - പുത്രിയായ കൈകസിയിൽ പിറന്ന നാലാമത്തെ മകൾ. സാത്വതികനായ മുനിശ്രേഷ്ഠൻ, അച്ഛൻ എന്നും കൈയ്യെത്താ ദൂരത്തായിരുന്നു. 'മകളെ' എന്ന് സ്നേഹത്തോടെ  വിളിച്ചിട്ടില്ലയാൾ. പറക്കമുറ്റാത്ത നാൽക്കുഞ്ഞുങ്ങളെയും കൊണ്ട് വനാന്തരങ്ങൾ തോറും പൊരുതിക്കയറിയ അമ്മയാണ് അന്നം  തന്നത്. ജീവവായു നിലനിർത്തിത്തന്നത്. 

ജീവിതം തന്നെ പോരാട്ടമാക്കിയ അമ്മയാണ് എന്നും മാതൃക. വന്യമൃഗങ്ങളോട് പോരാടി നേടിയ വനഫലങ്ങളും  പച്ചമാസവുമായിരുന്നു ഭക്ഷണം. ദാഹിച്ചപ്പോൾ കുളിർനീരുറവ തുണയായി. കല്ലും മുള്ളും വേട്ടമൃഗങ്ങളും നിറഞ്ഞ കാട്ടിലാണ് വളർന്നത്. അതിജീവനത്തിന്റെ പാഠം പഠിപ്പിച്ചുതന്നതും കാട് തന്നെ. അന്നത്തെ കൂർത്തു മൂർത്ത ജീവിതമാണ് നട്ടെല്ല് നിവർത്തി നിൽക്കാൻ ഊർജം നൽകിയത്. ഒരുത്തനു മുമ്പിലും തലകുനിക്കാതെ നിന്നതും അന്നത്തെ അനുഭവങ്ങൾ കരുത്തേകിയ മനസ്സിന്റെ ബലത്തിലാണ്. 

ഒടുവിൽ രാവണന്റെ ചിറകിനു കീഴിൽ രാക്ഷസകുലം ഒന്നാകെ പറന്നുയർന്നപ്പോൾ, തങ്ങൾക്കും നിലനിൽപുണ്ടെന്ന് പ്രഖ്യാപിച്ചപ്പോൾ, സുഖവും ശാന്തതയും സ്വപ്നം കണ്ടതാണ്. എന്നും തണലായ ജ്യേഷ്ഠൻ, കൈകസി പുത്രൻ രാവണൻ നിർദേശിച്ച ആളെ മുറപ്രകാരം വരനാക്കി, "വിദ്യുജ്ജിഹ്വൻ". ശാന്തമായ ആ ജീവിതം തന്ന സമ്മാനമായിരുന്നു "ശംഭുകുമാരൻ", ഞങ്ങളുടെ പോന്നോമന.... പിന്നീട് എന്നാണ് എന്റെ ജീവിതം  താളം തെറ്റുന്നത് ??

ഈരേഴു പതിനാലു ലോകവും കാൽകീഴിൽ അമർത്താൻ ജ്യേഷ്ഠൻ നടത്തിയ ജൈത്രയാത്രകൾ. തുടർവിജയങ്ങൾ നൽകിയ ലഹരി ജ്യേഷ്ഠനെ അന്ധനാക്കിയപ്പോൾ കൊന്നൊടുക്കിയവരുടെ കൂട്ടത്തിൽ തന്റെ ഭർത്താവും പെടുമെന്നാരറിഞ്ഞു ? എന്നും രക്ഷകനായിരുന്നു ജ്യേഷ്ഠൻ, രാക്ഷസരാജാവ് രാവണനിൽ നിന്ന് പോലും നീതി ലഭിക്കാതെ പോയാൽ ആരോട് പരാതി  പറയാനാണ് ? ഒന്നോർത്താൽ എവിടെനിന്നാണ് തനിക്ക് നീതി ലഭിച്ചിട്ടുള്ളത് ??

ജേഷ്ഠന്  കുറ്റബോധവുമുണ്ടായിരുന്നു. അനുരൂപനായ  മറ്റൊരു വരനെ നീ തന്നെ കണ്ടെത്തൂ, പുതിയ ജീവിതം തുടങ്ങൂഎന്ന കല്പനയാണ് ഉണ്ടായത്. അതുകൊണ്ടാണല്ലോ... തളരാതിരുന്നത്...പുതിയൊരധ്യായം തുടങ്ങാനിരുന്നതുമാണ്. പക്ഷെ പത്തുമാസം നൊന്തുപെറ്റ മകനേ, നിന്നെയും ഈ അമ്മക്ക്നഷ്ടമായല്ലോ ! ശംഭുകുമാരൻ, എന്റെ പൊന്നോമനേ, ഈ ദണ്ഡകാരണ്യത്തിൽ വെച്ച് നീയും നിന്റമ്മയെ, ഈ രാക്ഷസിയെ വിട്ടുപിരിഞ്ഞല്ലോ... ആ മുനി കുമാരന്മാരുടെ വാളിനിരയായ നിന്നെ ഈ അമ്മക്ക് ഒന്ന്, ഒരു നോക്ക് കാണാൻ പോലും കിട്ടിയില്ലലോ....

എന്തും എവിടെയും തുറന്നു പറഞ്ഞിട്ടേയുള്ളു ശൂർപ്പണഖ.. ഒന്നും ഒളിച്ചുവെക്കാനില്ലെനിക്ക്.... കപടനാണമോ അധികവിനയമോ എന്റെ ഇടങ്ങളല്ല. മുനികുമാരന്മാരെ, രാമലക്ഷ്മണന്മാരെ, നിങ്ങളോടും എന്റെ ആഗ്രഹം തുറന്നു പറയുകയാണുണ്ടായത്. നിങ്ങള്ക്ക് ഒരു  പരിഹാസമായിരുന്നു.പുച്ഛം കൊണ്ട് നിങ്ങൾ എന്നെ അഭിഷേകം  ചെയ്തു.ശരിയാണ്, സർവം  തന്നെയാണ് നിങ്ങൾക്കനുയോജ്യ. പക്ഷെ പാതൃകയെന്നു മുദ്രകുത്തി നിങ്ങൾ എനിക്ക് നൽകിയ ശിക്ഷ, അത് മുറിവേൽപ്പിച്ചത് ശരീരത്തിനല്ല, മനസ്സിന്നാണ്... ശരിയാണ്, സഹോദരിയെ സംരക്ഷിക്കാൻ രാവണൻ അയച്ച ഖരദൂഷണാദികളുടെ വൻ പടയെ ശരമാരി കൊണ്ട് തകർത്തെറിയാൻ തക്ക ശക്തരാണ് നിങ്ങൾ. പക്ഷെ ഓർക്കുക...സാഥ്വികനായ വിശ്രവസ്സിന്റെ പുത്രിയല്ല, രാക്ഷസിയായ കൈകസിയുടെ പുത്രിയാണ് ശൂർപ്പണഖ. സർവം സഹയല്ല, മറിച്ച് പ്രതികാരബുദ്ധിയുള്ളവൾ, ചോരയ്ക്ക്  ചോരകൊണ്ട് മറുപടി പറയുന്നവൾ.

അകലെ കിഴക്ക് സൂര്യൻ ഒന്നും സംഭവിക്കാത്തമട്ടിൽ ഉദിച്ചുയർന്നു. താളം കെട്ടിക്കിടക്കുന്ന ചോരയിൽ സൂര്യരശ്മികൾ പുതിയ ചിത്രങ്ങൾ നെയ്തു. കബന്ധങ്ങൾ തട്ടിമാറ്റി പ്രതികാരം സ്ഫുരിക്കുന്ന മുഖവുമായി ശൂർപ്പണഖ നടന്നു തുടങ്ങി..... 

No comments:

Post a Comment