Tuesday, 1 April 2014

അറിഞ്ഞുകൊണ്ട് എരുതീയിലേക്ക് ...

സി എ എന്ന  കോഴ്സിന്റെ കാഠിന്യം ഒരുവിധം എല്ലാവർക്കും അറിയാം. നൂറു പേര് എഴുതിയാൽ 3 പേര് മാത്രം ജയിക്കുന്ന ഈ കോഴ്സിനെ കുറിച്ച് അധികം പറയേണ്ട എന്ന് തോന്നുന്നു.

സി എ പരീക്ഷകൾ വർഷത്തിൽ രണ്ടു തവണയാണ് നടക്കുക. അതിന്റെ വിജയ ശതമാനം കാണിക്കുന്ന ഒരു പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്‌

ജയിക്കുന്നവരുടെ ആറ് ഇരട്ടി പേര് തോൽക്കുകയാണ് ഈ പരീക്ഷയിൽ.   അതെന്തെങ്കിലും ആയിക്കോട്ടെ! ഞങ്ങൾ അത് മൈൻഡ് ചെയ്യുന്നില്ല .

ചിട്ടയായ പഠനവും കൃത്യമായ അർപ്പണബോധവും സുനിശ്ചിതമായ മനസ്സും ഉണ്ടെങ്കിൽ കഠിനാധ്വാനത്തിലൂടെ ആര്ക്കും പാസ്‌ ആകാൻ കഴിയുന്ന കോഴ്സ് ആണിത്. നാളെ മുതൽ ഞങ്ങൾ ഹരിയം ടീമിലെ രണ്ടു പേര് സി എ യുടെ പ്രവേശന കവാടമായ സി.പി.ടി. ക്ക് തയ്യാറെടുക്കുകയാണ്. സി എ എന്ന ലക്‌ഷ്യം മാത്രമാണ് ഇപ്പോൾ മനസ്സിൽ. ജൂണ്‍ മാസത്തിലെ സെക്കണ്ട് സണ്‍‌ഡേയിൽ  ആണ് സി പി ടി പരീക്ഷ സാധാരണയായി നടക്കാറുള്ളത്. ഇനി കഠിനാധ്വാനത്തിന്റെ രാപ്പകലുകൾ ആണ് എന്ന് ഓർമിപ്പിക്കേണ്ടതില്ലല്ലോ ! സി പി ടി എഴുതുന്ന എല്ലാ കൂട്ടുകാർക്കും നിങ്ങൾ  ഓരോരുത്തരുടെയും പ്രാർഥന ഉണ്ടാവണം  എന്ന് അപേക്ഷിക്കുന്നു. 

"There is no shortcut to success;
There is no substitute for hard work"

Tuesday, 25 March 2014

അങ്ങനെ പരീക്ഷ കഴിഞ്ഞു...

അങ്ങനെ പരീക്ഷ കഴിഞ്ഞു;

ഇനി റിസൾട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്‌ 

ഇക്കൊല്ലത്തെ എസ്‌.എസ്‌ എല്.സി പരീക്ഷയും ഹയർസെക്കണ്ടറി പരീക്ഷയും കഴിഞ്ഞു. പരീക്ഷയുടെ ചൂട് ഒന്ന് ആറി.....ഇനി ഫലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്‌...  ഞങ്ങളുടെ എല്ലാ കൂട്ടുകാർക്കും നല്ല ഒരു അവധിക്കാലം നേരുന്നു... 


"ആസ്വദിക്കാൻ ഒരു അവധിക്കാലം കൂടി "





Tuesday, 11 February 2014

ഇത് ഞങ്ങളുടെ രാമചന്ദ്രൻ

ഇത് തലയെടുപ്പിന്റെ തമ്പുരാൻ  "ഗജപ്രജാപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ " മലയാളികളുടെ അഭിമാനവും പേരാമംഗലം ദേശക്കാരുടെ സ്വകാര്യ അഹങ്കാരവും.....

ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം രാമൻ വീണ്ടും പൂരപ്പറമ്പ്കളിലേക്ക്...... ഈ ഗജപ്രജാപതിക്ക്, ഞങ്ങളുടെ പ്രിയപ്പെട്ട രാമചന്ദ്രന് എല്ലാവിധ ആശംസകളും .......  

With Love 
Harium team 

Sunday, 20 October 2013

രാഘവൻ മാസ്റ്റെർക്കു ആദരാഞ്ജലികൾ   

Monday, 14 October 2013

കഥ

തലപ്പാവ് 

ഹരി ഗോപിനാഥ് 

അത് മനോഹരമായ തലപ്പാവായിരുന്നു. ഒരു പക്ഷെ, ലോകത്തിലെ തന്നെ ഏറ്റവും മികച്ചത്. എന്നിട്ടും അയാൾക്കത് ഇഷ്ടമായിരുന്നില്ല. അത് ധരിക്കാൻ അയാൾ താല്പര്യപ്പെട്ടില്ല. പക്ഷെ ധരിച്ചില്ലെങ്കിൽ.... 

ധരിച്ചില്ലെങ്കിൽ മതത്തിന്റെയും ആയുധമേന്തിയ കാവൽപ്പട അയാളെ പിച്ചിചീന്തും., ജാതിയുടെ രാക്ഷസകോലങ്ങൾ അയാളെ കുത്തിക്കീറും, കശാപ്പു  ചെയ്യും.. 

അയാളന്നു ചന്തയിലെക്കായിരുന്നു. ഏറെ അനിഷ്ടത്തോടെയെങ്കിലും, തലപ്പാവും അയാൾ ധരിച്ചു. അതിന്റെ നിറം ചുവന്നുതുടുത്തതായിരുന്നു. ചോരയുടെ, കടും നിറത്തിന്റെ രൂക്ഷമായൊരു ഗന്ധവും അതിനു ഉണ്ടായിരുന്നു. വഴിയിൽ അയാൾ ഒരുപാട് കാഴ്ചകൾ കണ്ടു. കേട്ടു. അഴിമതിപ്പനമെണ്‍നി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ കേടുകാര്യസ്ധത,പട്ടിണിപ്പാവങ്ങളെ ചാട്ടവാറിനാൽ അടിക്കുന്ന വൻകിടമുതലാളികൾ, ഒരു ശരീരത്തെ, ഒരുപാട് മനസ്സുകളെ കൊത്തിനുറുക്കുന്ന പിശാചുകൾ.... നീതിയ്ക്കായലയുന്ന കബന്ധങ്ങൾ... അയാൾ കണ്ണുകൾ ഇറുക്കിയടച്ചു, കാതുകൾ കൊട്ടിയടച്ചു. കണ്ണില്ലാതെ, കാതില്ലാതെ അയാൾ നടന്നു. ചന്തയിൽ നിന്ന് ഒരു കൊച്ചു മരത്തെ വാങ്ങാൻ. തന്റെ വീട്ടില് വച്ചുപിടിപ്പിക്കാൻ, വാനോളം എത്തിയ അതിന്റെ തലപ്പിൽ കയറി കണി തിന്നാൻ... അങ്ങനെ നഷ്ടപ്പെട്ട നിഷ്കളങ്കതയുടെ കാലം തിരിച്ചു പിടിക്കാൻ കണ്ണും കാതും വെയ്ക്കാൻ.   

പക്ഷെ.... പക്ഷെ. ആകാശം മുട്ടിയ അയാളുടെ സ്വപ്‌നങ്ങൾ ആരടിയിലേക്ക് ഒതുങ്ങാൻ ഒരു നിമിഷം മതിയായിരുന്നു. ഒരു സ്ഫോടനം പൊട്ടിത്തെറി.... മതഭ്രാന്തന്മാരുടെ പകപോക്കൽ....ആരോട്??? 

നിമിഷങ്ങൾക്കകം വാർത്താചാനലുകളിൽ ഉത്സവം. "നഗരത്തെ വിറപ്പിച്ച സ്ഫോടനത്തിന്റെ ലൈവ് കവറേജ്" ഇതിനിടയിൽ ഒരാൾ, ചത്തു മലച്ച് ചോരയിൽ കുളിച്ച ആ മനുഷ്യനേയും ചെറുപുരണ്ട തലപ്പാവിനെയും നോക്കി ആത്മഗതം ചെയ്തു "എന്ത് നല്ല തലപ്പാവ്, പക്ഷെ കഷ്ടം അതിൽ ചെരുപുരണ്ടുവല്ലോ".  

അടിക്കുറിപ്പ് 


മുകളിൽ കൊടുത്തിരിക്കുന്ന കഥ ഏതെങ്കിലും ജാതിയുടെയോ, മതത്തിന്റെയോ, പ്രസ്ഥാനത്തിന്റെയോ സങ്കൽപ്പങ്ങലെയൊ വിശ്വാസങ്ങളെയോ താഴ്ത്തിക്കെട്ടാൻ വേണ്ടി മനപൂർവം കെട്ടിച്ചമച്ചതല്ല

വിനയപൂർവ്വം
ഹരിയം ടീം  


Wednesday, 9 October 2013

SALT & PEPPER (only for foodies)

മസാലദോശ 


ഈ അടുത്ത് ന്യൂ യോർക്ക്‌ ടൈംസ്‌ ലോകത്തിലെ ഏറ്റവും മികച്ച 10 ഭക്ഷണ വിഭവങ്ങളെ തെരഞ്ഞെടുത്തു. അതിൽ ഇന്ത്യയിൽ നിന്നും ഒരു വിഭവമേ സ്ഥാനം പിടിചുള്ളു, അത് മസാല ദോശയാണ്.

മസാല ദോശയ്ക്കും പറയാൻ ഒരു പാട് ചരിത്രമുണ്ട്. ഇന്ത്യയിൽ മാത്രമല്ല ശ്രീലങ്കയിലും മലേഷ്യയിലും സിന്ഗപൂരിലും മസാല ദോശ പ്രസിദ്ധം തന്നെ. കെ. ടി. ആചാര്യ എഴുതിയ "നമ്മുടെ ഭക്ഷണത്തിന്റെ ചരിത്രം "(The story of our food) എന്ന പുസ്തകം മസാല ദോശയുടെ ചരിത്രത്തെ പറ്റി വിശദമായി  ഗവേഷണം നടത്തുന്നുണ്ട്.  അചാര്യയുടെ അഭിപ്രായപ്രകാരം " അപ്പവും, ഇടിയപ്പവും, അടയും, പോലെ ദോശയും ഒരു തമിഴ് ഭക്ഷണമാണ്". എന്നാൽ ഉടുപ്പിയാണ് ദോശയുടെ ഈറ്റില്ലം എന്ന അഭിപ്രായമാണ് വിദേശ ഭക്ഷണ ഗവേഷകനായ ചാപ്മാന്  ഉള്ളത്. എന്തു തന്നെയായാലും ദക്ഷിണ ഇന്ത്യയാണ് ദോശയുടെ ഉദ്ഭവ സ്ഥാനം എന്നതിന് എതിരഭിപ്രായമില്ല.

ദോശ നമ്മുടെ ഭക്ഷണ സംസ്കാരത്തിന്റെ അവിഭാജ്യ ഖടകമാണ്. മസാല ദോശയിൽ തന്നെ ഒരുപാട് വെറൈറ്റികൾ ഉണ്ട്, ഉടുപ്പി മസാല ദോശ, മൈസൂർ  സ്പെഷ്യൽ, മദുരൈ മസാല ദോശ എന്നിവ അതിൽ ചിലത് മാത്രം.  കേരളത്തിലെ മസല ദോശയും വളരെ പ്രശസ്തം തന്നെ, അനന്തപുരിയിലും, കൊല്ലത്തും, തൃശ്ശൂരിലും , പാലക്കാട്ടും, കോഴിക്കോടും, കണ്ണൂരിലും മസാല ദോശ വളരെ പ്രസിദ്ധമാണ്. മസാല ദോശ ഉണ്ടാക്കാൻ പഠിക്കാൻ താൽപര്യമുണ്ടോ? ഈ വീഡിയോ കണ്ടു നോക്കു



ഇനി ഞാൻ കഴിച്ചിട്ടുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട മസാല ദോശ ഏതെന്നു പറയാം, അത് "ഭാരതിലെ"  മസാല ദോശയാണ്. അത്രയും രുചിയുള്ള മസാല ദോശ ഞാൻ വേറെ കഴിച്ചിട്ടില്ല. വളരെ രുചികരം, വീട്ടില് അരിമാവുണ്ടോ? ഉരുളക്കിഴങ്ങും സവാളയും, കുറച് പച്ചക്കറി കഷ്ണങ്ങളും ഉണ്ടോ? കഷ്ണങ്ങൾ വേവിചൊള്ളു, ദോശതട്ട് ചൂടാക്കിക്കോള്, നാവിൽ വെള്ളമൂറാൻ വരട്ടെ, വേഗം ഉണ്ടാകാൻ തുടങ്ങിക്കൊള്ളൂ.... .

                                           


അടിക്കുറിപ്പ്- 

ഇത്രയൊക്കെ വലിച്ചു വാരി എഴുതി എന്നെ ഉള്ളു. സത്യം പറഞ്ഞാൽ ഞാൻ ഇതുവരെ മസാല ദോശ ഉണ്ടാക്കിയിട്ടില്ല, അമ്മ ഉണ്ടാക്കിയ മസാല ദോശ കുറെ കഴിച്ചിട്ടുണ്ട്. അത്രമാത്രം, ഞാൻ അടുക്കളയിൽ കയറിയാൽ അമ്മ പറയും "സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല, ഉപദ്രവിക്കരുത്" അത് കൊണ്ട് തന്നെ ഞാൻ അടുക്കളയിൽ കയറുന്നത് ചൂട് ദോശ കഴിക്കാൻ മാത്രമായി... 





Written by
Hari Mundayur 






അപകടത്തിന് തൊട്ടുമുൻപ്

ലാസ്റ്റ് സ്റ്റെപ്പിലെ സർക്കസ് കളി